കറുത്ത പാതകള്‍
വെളുത്ത വരകളുള്ള
കറുത്ത പാതയില്‍
എന്റെ ചുവന്ന ചുടുരക്തം
കിനിഞ്ഞിറങ്ങുന്ന
ഒരു ദിവസം വരും.
എനിക്കിഷ്ടപ്പെട്ട
ജമന്തിയും ചെണ്ടുമല്ലിയും
കോര്‍ത്തു കെട്ടിയ
പുഷ്പകിരീടങ്ങള്‍
സമ്മാനമായി കിട്ടും.
നാക്കിലയില്‍ ഉരുട്ടിവെച്ച
എള്ളും ചോറും കൊത്തിത്തിന്ന്
വിശപ്പടക്കിയ കറുത്ത പക്ഷികള്‍
എന്നോട് നന്ദി പറയും .
ഞാന്‍ ഒരു മങ്ങിയ ചിത്രം
മാത്രമായ് മാറും
ചുമരുകളിലും മനസ്സുകളിലും

